
മൈസൂരുവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം. നൃത്താധ്യാപികയും റിയാലിറ്റി ഷോ താരവുമായ മാനന്തവാടി സ്വദേശിനി അലീഷ ആണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവതിയെ മൈസൂരുവിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർ ചികിത്സയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും യുവതി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.
മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിൽ കഴിയുകയാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ. റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ് അലീഷ.











